കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. രണ്ടുദിവസം മുമ്പാണ് സജീവ് കൃഷ്ണനെ കൊലപ്പെടുത്തുന്നത്. പ്രതി അര്‍ഷാദിനെ കാസര്‍കോടു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ പറ്റുന്ന സാധാരണ അവസ്ഥയിലല്ല. മെഡിക്കല്‍ സഹായം ഉള്‍പ്പെടെ ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തുകയാണ്. കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് കമ്മീഷണര്‍ പറഞ്ഞു.
ഫ്ലാറ്റിലെ മുറിയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നു കണ്ടെടുത്തിട്ടില്ല. സിന്തറ്റിക് ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും അവിടത്തെ മണവും മറ്റും മയക്കുമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഫ്ലാറ്റില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്. കാക്കനാട്ടിലെ ഫ്ലാറ്റില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് ബഹളം കൂട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയില്ല. ഫ്ലാറ്റില്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കൊലപാതകം നടന്ന ഫ്ലാറ്റിലെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ഫ്ലാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചിരുന്നില്ല. ഫ്ലാറ്റില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗം ഉണ്ടായിരുന്നതായാണ് സംശയിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
അതേസമയം, അറസ്റ്റിലായ അര്‍ഷാദിന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇരുചക്രവാഹനത്തില്‍ നിന്നാണ് ഒരു കിലോ കഞ്ചാവ് ഉള്‍പ്പെടെ കണ്ടെടുത്തത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയവ അടങ്ങിയ ബാഗും വണ്ടിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായ അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കൊണ്ടോട്ടിയിലെ മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അര്‍ഷാദ് പിന്നീടാണ് കൊച്ചിയിലെത്തി കാക്കനാട് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചത്. ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്. അര്‍ഷാദിന്റെ ലഹരി ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
