ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനെന്ന് എം.കെ. മുനീര്‍ ചോദിച്ചു. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.

‘ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും? പോക്‌സോ കേസുകള്‍ നിങ്ങള്‍ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷന്‍ വേറൊരു പുരുഷനുമായി, അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? എടുക്കേണ്ടല്ലോ. ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. അപ്പോള്‍ പോക്‌സോ ആവശ്യം ഉണ്ടോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകള്‍ ഉണ്ടാകും എന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം’, മുനീര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടാല്‍ നീതി ലഭിക്കുമോയെന്നും വസ്ത്രധാരണ രീതി മാറിയാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോയെന്നും മുനീര്‍ ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് എംഎല്‍എ പറയുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ പരാമര്‍ശങ്ങളുമായി നേരത്തെയും എംകെ മുനീര്‍ എത്തിയിട്ടുണ്ട്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ എന്നായിരുന്നു മുനീറിന്റെ ആരോപണം. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ, ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതിയാണ് തയ്യാറായിക്കിയിരിക്കുന്നത് എന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *