സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് തന്നെയാണ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നിയുക്ത കളമശേരി എംഎല്‍എ പി രാജീവ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ഇത്ര പെട്ടെന്ന് വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതുകൊണ്ടാണെന്നും പി രാജീവ് പറഞ്ഞു.

വാക്സിന്‍ മഞ്ഞുമ്മല്‍ കെഎം എസ് സി എല്‍ വെയര്‍ ഹൗസിലേക്ക് മാറ്റി. പൂനെ സിറം ഇൻസ്റ്റിറ്റ്യൂൂട്ടിൽ നിന്നുമാണ് കേരളം വാക്സിൻ വാങ്ങിയത്. ഓരോ ജില്ലക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കുമുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.

ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീനാണ് കൊച്ചിയിലെത്തിയത്. സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും.

സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ കൂടി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 75000 ഡോസ് കൊവാക്സീനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ സംബന്ധിച്ച്‌ കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല.

കൊവാക്സീനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാകസീനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച്‌ ഡോസ് വാക്സീന്‍ മാത്രമാണ്. കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സീനേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആകെ ഉള്ള വാക്സീനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ കേരളത്തില്‍ ആവശ്യമായി വരുന്നത്.വാക്‌സിന്‍ കുറവ് കാരണം പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് ഒരു പരിധിവരെ വരും ദിവസങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് തന്നെയാകും മുഖ്യ പരിഗണന നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *