സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജഡ്ജി.കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ വിവാദമായിരുന്നു .ഇതേത്തുടർന്ന് ഇദ്ദേഹത്തെ കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലംമാറ്റുകയായിരുന്നു.ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്നും ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറയുന്നു. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് യുവതിയായ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവെന്നാണ് ഹർജിയിൽ പറയുന്നത്. ദളിത് യുവതിയാണെന്ന് അറിഞ്ഞ് തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *