കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്. മറ്റ് കോര്‍പ്പറേഷനുകളെ പോലെ ഒരു കോര്‍പ്പറേഷന്‍ മാത്രമാണ് കെഎസ്ആര്‍ടിസി എന്നും അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. കെഎസ്ആര്‍ടിസിക്ക് മാത്രമായി ഏതെങ്കിലും പ്രത്യേക പരിഗണനയും നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പീലില്‍ പ്രാഥമിക വാദം കേട്ടശേഷമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *