മലപ്പുറത്ത് ദേശീയ പാത വികസനത്തിന് വേണ്ടി മരങ്ങള്‍ മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.സോഷ്യൽ ഫോറസ്ട്രി വിഭാ​ഗത്തിന്റെ അനുമതി ഇല്ലാതെയാണ് മരം മുറിച്ചതെന്നും റിപ്പോർട്ടുണ്ട്. രണ്ടായിരം മരം മുറിക്കാനാണ് അനുമതി നൽകിയത്. അതിൽ ഈ മരം ഉൾപ്പെട്ടിരുന്നില്ലെന്നാണ് വിവരം. മരം മുറിച്ച് നീക്കിയപ്പോള്‍ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം ക്രൂരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദന്‍ പറഞ്ഞു. ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയുമാണ് നശിപ്പിച്ചത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *