തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരുവ് നായ കടിച്ചു കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ചികിത്സ പിഴവ് ആരോപിച്ചു യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ഡിഎംഒയെ ഉപരോധിച്ചു. പൊലീസെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നു ബിജെപിയും ആവശ്യപ്പെട്ടു. സംഭവത്തില്‍കുടുംബം ചികിത്സാ പിഴവ് ആരോപിച്ചു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.

പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.ഓഗസ്റ്റ് 13നാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിനും കണ്ണിനടത്തുമായി മൂന്നിടത്താണ് ആക്രമണമേറ്റത്. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *