ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്ലെറ്റുകളിൽ ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകളും ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാൻ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്നാണ് പമ്പുടമകളുടെ വാദം. വിശാഖ പട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് കീഴിലുള്ള റിഫൈനറിയിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിൽ വിതരണം ഭാഗികമാണ്. ബിപിസിഎല്ലിന് കീഴിലുള്ള കൊച്ചിൻ റിഫൈനറിയിൽ നിന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്ലറ്റുകൾക്ക് ലോഡ് നൽകുന്നില്ലെന്നും വിതരണക്കാർ പറയുന്നു. മുൻകൂർ പണമടച്ചിട്ടും ലോഡ് എത്തുന്നില്ലെന്നാണ് പരാതി. കോഴിക്കോട് എലത്തൂരിലെ ഫിലിംഗ് കേന്ദ്രം മാസങ്ങളായി അടച്ചിട്ടതും പ്രതിസന്ധി വർധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്ധന ക്ഷാമം രൂക്ഷമാവുന്നത്.
സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.
