മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രതികരണവുമായി ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്,ആവശ്യമുള്ള ഘട്ടങ്ങളില്‍ വിദേശയാത്ര വേണ്ടിവരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ മന്ത്രിമാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തിനും ഇടമില്ലെന്ന് മന്ത്രി പ്രതികരിച്ചു.എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകൾ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു. 15 മാസത്തിനിടെ താൻ ആകെ പോയത് യുഎഇയിൽ മാത്രമാണ്. ആഭ്യന്തര സഞ്ചാരികൾ കൂടുകയാണ്. അങ്ങനെയുള്ള ഘട്ടത്തിലാണ് ഫ്രാൻസിൽ പോകേണ്ടി വരുന്നത്. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നതിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസെന്നും റിയാസ് പറഞ്ഞു. ഈ യാത്ര ആവശ്യമാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.’ഇടതുപക്ഷ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്. ആവശ്യാർത്ഥം വിദേശത്ത് യാത്ര ചെയ്യുക എന്നത് സാധാരണയാണ്. ആഭ്യന്തര സഞ്ചാരികളിൽ ഉണ്ടായ കുതിപ്പ് വിദേശ സഞ്ചാരികളിലുമുണ്ടാകണം. ഫ്രഞ്ച് യാത്രയിലൂടെ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഒരു ലക്ഷം ഫ്രഞ്ച് സഞ്ചാരികളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. അതിന് സാധിക്കും. ഇടയ്ക്കിടയ്ക്ക് ഒന്നു വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ.’ – അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ധനമന്ത്രിയും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.അതേസമയം വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു . വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *