കൊച്ചി: ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്‍പോർട്ടും കോടതിയിൽ സറണ്ടർ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നൽകിയത്.

യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാ‌‌ത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ജാമ്യ ഹ‍ർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിൻറെ വിശദീകരണം. പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ മറുപടിയിൽ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നൽകിയിട്ടുണ്ട്. എംഎൽഎയുടെ വിശദീകരണം പരിശോധിച്ച്, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടർ നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. എൽദോസ് നൽകിയ വിശദീകരണം അതുപോലെ എടുക്കില്ലെന്നും പാർട്ടി അന്വേഷണം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *