കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ് കോതി ഭാഗത്ത് കടൽ ഉൾവലിഞ്ഞതായി കാണപ്പെട്ടത്.പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി.ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നും കളക്ടർ പറഞ്ഞു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കളക്ടർ അറിയിച്ചു.
കടലിൽ തിരമാലകൾ തീരെയില്ലായിരുന്നു. കുളത്തിലെ വെള്ളം പോലെ കടൽ നിശ്ചലമായി കിടക്കുകയായിരുന്നു. അതേസമയം, കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി അടിഞ്ഞുകൂടിയിരുന്നു.വൈകിട്ട് നാലു മണിയോടെയാണ് കോതി ബീച്ചിന് സമീപം കടല്‍ ഉള്‍വലിഞ്ഞത്. കോതി ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സൂനാമിക്കാലത്തും ഓഖിക്കാലത്തും കടൽ ഉൾവലിഞ്ഞിരുന്നുവെന്നതിനാൽ തീരദേശവാസികൾ പരിഭ്രാന്തിയിലായിരുന്നു. കടൽ ഉൾവലിഞ്ഞതു കാണാൻ അനേകംപേർ കടപ്പുറത്തെത്തി. മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ അനേകമാളുകളും എത്തി. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അധികാരികൾ മുന്നറിയിപ്പു നൽകി.