പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്.ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്നുണ്ടാകില്ല.രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ​ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എ.എസ്.പി. സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഓഫീസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *