ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ ചേർന്നു.പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിയിൽ േചർന്നത്. ഈ മാസം 12-നാണ് ഹിമാചലില്‍ വോട്ടെടുപ്പ്.മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇനി രണ്ട് ദിവസം മാത്രമാണ് പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത്. കേന്ദ്ര നേതാക്കുളുടെ വലിയ നിര തന്നെ ക്യാംപ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്. കോൺ​ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വലിയ പ്രചാരണ പരിപാടികളാണ് ഇന്നും നാളെയുമായി നടക്കുക.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഹിമാചലിൽ പ്രചരണത്തിന് എത്തും. ഖാർ​ഗെ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ നിയമസഭാതെരഞ്ഞെടുപ്പ് കൂടിയാണ് ​ഗുജറാത്തിലും ഹിമാചലിലും നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് എത്തുന്ന ഖാർ​ഗെ ആദ്യം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *