വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ച് ഒരുകൂട്ടം സുഹൃത്തുക്കൾ.ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഉടമ്പടി ഒപ്പിട്ടുനല്‍കിയത്.ചിരകാല സുഹൃത്തുക്കളും ബാഡ്മിന്‍റണ്‍ കളിക്കാരുമുള്‍ക്കൊള്ളുന്ന പതിനേഴ് പേരടങ്ങുന്ന “ആശാനും ശിഷ്യന്മാരും” അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാണ് രഘു. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവാഹത്തിന് ചെറിയൊരു സര്‍പ്രൈസ് നല്‍കുകയെന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്.അങ്ങനെ വിവാഹത്തിന് തൊട്ട് മുമ്പ് തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ ശേഷം കൂട്ടുകാരാണ് ഈ സര്‍പ്രൈസ് ഒരുക്കിയത്.കൂട്ടുകാരനോടൊത്ത് കൂടിയ ‘ആ കാലം’ നഷ്ടമാകാതിരിക്കാന്‍ വിവാഹത്തിന് മുമ്പ് തന്നെ രഘുവിന്‍റെ ഭാര്യയില്‍ നിന്നും കൂട്ടുകാര്‍ ഒരു ഉറപ്പ് എഴുതി വാങ്ങുകയായിരുന്നു.
രാത്രി ഒമ്പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തില്‍ രഘുവിന്‍റെ സുഹൃത്തുക്കൾ എഴുതി അര്‍ച്ചനയില്‍ ഒപ്പിട്ട് വാങ്ങിയത്.വൈകീട്ട് ബാഡ്മിന്‍റണ്‍ കളിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ നാലഞ്ച് പേരൊഴികെ മറ്റുള്ളവരെല്ലാം അവിവാഹിതരാണ്. അടുത്ത 23 -ാം തിയതി മറ്റൊരു കൂട്ടുകാരന്‍റെ വിവാഹമാണ്. അതിനുള്ള സര്‍പ്രൈസിന് തയ്യാറെടുക്കുകയാണ് കൂട്ടുകാരെന്നും രഘു കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് പിന്നാലെ രഘുവിന്‍റെ കൂട്ടുകാര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *