മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിൻറെ അസിസ്റ്റൻറ് സിനിമാറ്റോഗ്രാഫർ ആയി സിനിമയിൽ പ്രവർത്തിക്കാൻ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകൻ ആയത്. സംസ്കാരം ഇന്ന് രാത്രി 12 ന് വീട്ടുവളപ്പിൽ.
ചാന്ദ്നി ബാറിനു ശേഷം ടി കെ രാജീവ് കുമാറിൻറെ ശേഷം, അനുരാഗ് കശ്യപിൻറെ ട്രെൻഡ് സെറ്റർ ചിത്രം ദേവ് ഡി എന്നിവയുടെയും അസിസ്റ്റൻറ് സിനിമാറ്റോഗ്രാഫർ ആയിരുന്നു പപ്പു. ചീഫ് അസോസിയേറ്റ് ആയി രഞ്ജിത്തിൻറെ ബ്ലാക്കിലും ലാൽജോസിൻറെ ക്ലാസ്മേറ്റ്സിലും പ്രവർത്തിച്ചു. ദുൽഖർ സൽമാൻറെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോയിലൂടെയാണ് പപ്പുവും സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയത്. പിന്നീട് രഞ്ജൻ പ്രമോദിൻറെ റോസ് ഗിറ്റാറിനാൽ, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ, സജിൻ ബാബുവിന്റെ അയാൾ ശശി, ബി അജിത്ത് കുമാറിന്റെ ഈട എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവ്വഹിച്ചു. ഇതിൽ സെക്കൻഡ് ഷോയുടെയും ഞാൻ സ്റ്റീവ് ലോപ്പസിൻറെയുമൊക്കെ ഛായാഗ്രഹണം പ്രേക്ഷകപ്രീതി നേടിയതാണ്.
മജു സംവിധാനം ചെയ്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം അപ്പൻ ആണ് പപ്പു അവസാനമായി പ്രവർത്തിച്ച മലയാള സിനിമ. എന്നാൽ ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. വിനോദ് ഇല്ലംപള്ളിയാണ് പിന്നീട് ഈ ചിത്രം പൂർത്തിയാക്കിയത്. രാജീവ് രവി ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ ചിത്രങ്ങളുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട് പപ്പു.
