തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. കോൺഗ്രസിനെ സംഘപരിവാർ കൂടാരത്തിൽ എത്തിക്കാൻ കെ സുധാകരൻ അച്ചാരം വാങ്ങിയിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാനാണ് സുധാകരന്റെ ശ്രമമെന്നും സിപിഐഎം ആരോപിച്ചു.ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാറിന്റെ സമീപനമാണ് സുധാകരന്. കെപിസിസി അദ്ധ്യക്ഷന്റെ ആർഎസ്എസ് വിധേയത്വം യുഡിഎഫ് ഘടകകക്ഷികൾ തിരിച്ചറിയണം. സുധാകരന്റെ സമീപനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വർഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാൻ കാണിച്ച മനസിനുടമയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ സ്വന്തം ക്യാബിനറ്റിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ് വിസ്മരിക്കാനാകില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.നെഹ്റുവിന്റെ ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസിൽ സംസാരിക്കവെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് കെ സുധാകരൻ തുടർച്ചയായി പരാമർശങ്ങൾ നടത്തുകയാണെന്ന വിമർശനം ചർച്ചയാകുന്നുണ്ട്.
