കോട്ടയം: ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യാതിഥിയായി ശശി തരൂർ എംപി. സഭയുടെ യുവജന സംഘടനയായ യുവദീപ്തി എസ്.എം.വൈ.എമ്മിൻറെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള യുവജനസമ്മേളനത്തിലാണ് തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

ജനുവരി രണ്ടിന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും തരൂരാണ്. കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിൻറെ ഭാഗമായി മലബാർ കേന്ദ്രീകരിച്ച് വിവിധ പരിപാടികളിൽ ശശി തരൂർ പങ്കെടുത്തിരുന്നു.
ഡിസംബർ മൂന്നിന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിൻറെ ഉദ്ഘാടകൻ ശശി തരൂരാണ്. നേതൃത്വവുമായി ആലോചിക്കാതെ യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് രംഗത്ത് വന്നിരുന്നു.

മലബാറിൽ നിന്നാരംഭിച്ച പര്യടനത്തിനിടെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയതിനൊപ്പം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെയും തരൂർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ എൻഎസ്എസും ചങ്ങനാശേരി അതിരൂപതയും തരൂരിനെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതിനെ അതീവ ആകാംഷയോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *