വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസെടുത്തത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജ്യൂക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍, സ്നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ വാവ സുരേഷ് ക്ലാസെടുത്തിരുന്നു.
സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം വാവ സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സില്‍ നടന്നിരുന്നുവെന്നും പരിപാടിക്കിടെ മൈക്ക് ഓഫായ സമയത്ത് മൈക്കിന് പകരമായി പോഡിയത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നുവെന്നും ചിത്രങ്ങള്‍ സഹിതം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വ്യാപകമായി വിമര്‍ശനമുയര്‍ന്നത്.പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയ സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ അതിഥിയായി ക്ഷണിച്ചതിനെതിരെയും വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. സംഭവത്തില്‍ പരസ്യ പ്രതികരണവുമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *