കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ. പുതിയങ്ങാടി നടുവിലകം വീട്ടിൽ ടി കെ ജനീസ് (24), വെസ്റ്റ്ഹിൽ അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് (25) എന്നിവരെയാണ് കോഴിക്കോട് ആർ പി എഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

നവംബർ 30ന് രാത്രി വെസ്റ്റ്ഹിൽ- എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവെച്ച് തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവർ കല്ലെറിഞ്ഞത്. ഈ ഭാഗങ്ങളിൽ ട്രെയിനിനുനേരെ കല്ലേറ് പതിവാണ്. റെയിൽവേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനാൽ ഈ നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.

ദീർഘകാലം തടവുശിക്ഷ ലഭിച്ചേക്കാവുന്ന റെയിൽവേ ആക്ടിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അനധികൃതമായി റെയിൽവേ ട്രാക്കിനടുത്തെത്തി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ സുരക്ഷാ സേന അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐമാരായ ജി എസ് അശോക്, ശ്രീനാരായണൻ, നന്ദ ഗോപാൽ, ഹെഡ് കോൺസ്റ്റബ്ൾ കെ സിറാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *