തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് തുടരുന്നതിന് ഇടയിൽ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നത് അടക്കമുള്ള ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. വിഴിഞ്ഞം പ്രക്ഷോഭവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും സഭയെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ജനുവരിയിലും സമ്മേളനം തുടരാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇടവേളക്കുശേഷം പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ചേരുമ്പോൾ സങ്കീർണ്ണമായ വിഷയങ്ങളാണ് സഭയിലെത്തുക. ഗവർണർ സർക്കാർ പോര് രൂക്ഷമായ സാഹചര്യത്തിൽ സമ്മേളനത്തിലെ പ്രധാന ചർച്ചയും ഇതാകും. സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്ന ബില്ല് അടക്കം സുപ്രധാന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും എൽദോസ് കുന്നപ്പിള്ളി പ്രതിയായ പീഡനക്കേസും വിലക്കയറ്റവും സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
ചാൻസിലർ ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. പക്ഷേ സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. ഈ ഭിന്നത മുതലെടുക്കാൻ ആകും ഭരണപക്ഷം ശ്രമിക്കുക. വിഴിഞ്ഞവും കത്ത് വിവാദവും ആയുധമാക്കി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറെടുത്താണ് പ്രതിപക്ഷം സഭയിൽ എത്തുക. എൽദോസിന്റെ പീഡനക്കേസ് ഉയർത്തിയാകും ഭരണപക്ഷം പ്രതിരോധ മതിൽ തീർക്കുക. വെറ്റിനറി സർവകലാശാല നിയമ ഭേദഗതി ബില്ല് ഉൾപ്പെടെ 5 ബില്ലുകളാണ് ആദ്യദിനം സഭയിൽ എത്തുക. രണ്ടാം ദിനത്തിൽ സഹകരണ നിയമം ബില്ലുകൾ അടക്കം നാലു ബില്ലുകളും അവതരിപ്പിക്കും. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്ന ഓർഡിനൻസിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കാത്തതിനെ തുടർന്നാണ് ബില്ല് കൊണ്ടുവരുന്നത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഈ ബില്ല് സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗം സഭാ സമ്മേളനം ജനവിധിയിലേക്ക് നീട്ടണോ എന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും.
