തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല. മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ അടിയന്തിരപ്രമേയ ചർച്ചയിലായിരുന്നു രമേശ് ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചത്.2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം എൽഡിഎഫ് സർക്കാരാണ്. ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപ അഴിമതിയാണെന്ന് ആരോപിച്ചത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ജുഡീഷ്യൽ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തതിൽ കെ കരുണാകരൻ കൊച്ചിയിൽ വിമാനത്താവളം കൊണ്ടുവന്നപ്പോൾ ‘ഓവർ മൈ ഡെഡ്ബോഡി’ എന്ന് പറഞ്ഞത് സിപിഐഎമ്മുകാരാണ്. എസ് ശർമയായിരുന്നു അങ്ങനെ പറഞ്ഞത്. പിന്നീട് അദ്ദേഹം അതിന്റ ചെയർമാനായി. നിങ്ങളുടെ ചരിത്രം എന്നെകൊണ്ട് പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല കടന്നാക്രമിച്ചു.എംവി രാഘവനാണ് 1992 ൽ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി ആരംഭിച്ചത്. മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്പനിയാണ്. കേന്ദ്രസർക്കാർ സുരക്ഷാ കാരണങ്ങളാണ് അനുമതി നിഷേധിച്ചു. ഒടുവിലാണ് അദാനിയുമായി കരാർ ഏർപ്പെടുന്നത്. ആ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഭിനന്ദിക്കണമെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. എന്നാൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങളിൽ എൽഡിഎഫ് പങ്കെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
