ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദിയും മുസ്തഫാബാദില്‍നിന്ന് ജയിച്ച സബീല ബീഗവും ബ്രിജ്പുരിയില്‍നിന്ന് ജയിച്ച നസി ഖതൂനുമാണ് വെള്ളിയാഴ്ച ആപ്പില്‍ ചേര്‍ന്നത്. ഇതില്‍ സബീല ബീഗവും അലി മെഹ്ദിയുമാണ് ‘ഗര്‍വാപസി’ നടത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഎപി മൂന്നുപേര്‍ക്കും അംഗത്വം നല്‍കിയത്.ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ രണ്ടു നേതാക്കള്‍ തങ്ങള്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിക്കുകയാണെന്ന് വ്യക്തമാക്കി.സ്ഥാനമാനങ്ങളൊന്നും ആവശ്യമില്ല. ഞാന്‍ ചെയ്ത തെറ്റിന് രാഹുല്‍ ഗാന്ധിയോടും, പ്രിയങ്ക ഗാന്ധിയോടും എന്റെ ജനങ്ങളോടും മാപ്പ് പറയുന്നു. അലിമെഹ്ദി ട്വിറ്ററിലൂടെ വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്ന ട്വിറ്റര്‍ പോസ്റ്റ്. അതേസമയം, അലി മെഹ്ദിയുടെ ‘മറുകണ്ടം ചാടലിനെ’ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അലി മെഹ്ദി ഒരു പാമ്പാണെന്നും പണം വാങ്ങിയാണ് ആം ആദ്മിയിലേക്ക് പോയതെന്നും യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് മനു ജെയ്ന്‍ പ്രതികരിച്ചു.
ഇതിന് പന്നാലെയാണ് മെഹ്ദി മാപ്പ് പറഞ്ഞുകൊണ്ട് എത്തിയത്.
