ചെങ്കടലായി കോഴിക്കോട് കടപ്പുറം; സി ഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചു

കോഴിക്കോട്: ചെങ്കടലായി കോഴിക്കോട് കടപ്പുറം. സി ഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലിയാണ് കടലോരത്തെ ചുവപ്പിൽ മുക്കിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉച്ച മുതൽ തന്നെ പൊതുസമ്മേളന സ്ഥലത്തേക്ക് വൻ ഒഴുക്കായിരുന്നു. ബാൻഡ് വാദ്യങ്ങളും പഞ്ചാരിമേളങ്ങളുമായി ചെറു പ്രകടനങ്ങളായാണ് ചെങ്കൊടികളേന്തി ഉശിരൻ മുദ്രാവാക്യങ്ങളുമായി തൊഴിലാളികളും കുടുംബങ്ങളും റാലിയുടെ ഭാഗമായത്. നാടൻ വിവിധകലാരൂപങ്ങളും തെയ്യങ്ങളും റാലിക്ക് മാറ്റുകൂട്ടി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിനിധികൾ ടാഗോർ ഹാളിൽ നിന്ന് പ്രകടനമായി നീങ്ങി. അതിനു പിന്നിൽ അണമുറിയാത്ത ഒഴുക്കായി തൊഴിലാളികളുടെ പടയണിയും. എല്ലാ വഴിയും കടപ്പുറത്തേക്ക് തുറന്നപ്പോൾ അറബിക്കടലോരം അക്ഷരാർഥത്തിൽ ചുവപ്പു മേലാപ്പണിഞ്ഞു.

സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, ടി പി രാമകൃഷ്ണൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു. പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു.

സ്വകാര്യവൽക്കരണമല്ലാതെ മറ്റു വഴിയില്ലെന്ന് മോഡി സർക്കാർ പറയുമ്പോൾ ബദലുണ്ട് എന്ന് അതാണ് കേരളം കാണിച്ചുകൊടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *