വാഷിങ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണമോ എന്ന അഭിപ്രായ സർവേയിൽ ഇലോൺ മസ്കിന് തിരിച്ചടി. 75 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ സർവേയിൽ 57.5 ശതമാനം പേർ മസ്കിനെതിരെ വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് ഇലോൺ മസ്കിനെ പിന്തുണച്ച് വോട്ട് ചെയ്തത്. സിഇഒ സ്ഥാനത്ത് താൻ തുടരണമോ എന്ന് ചോദിച്ച് സ്വന്തം ട്വിറ്റർ അക്കൗണ്ട് വഴി ഇലോൺ മസ്ക് തന്നെയാണ് അഭിപ്രായ സർവേയ്ക്ക് തുടക്കമിട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്.

അഭിപ്രായ സർവേ ഫലം എന്തു തന്നെയായാലും അത് അം​ഗീകരിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു. ‘ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലങ്ങൾ ഞാൻ പാലിക്കും, ട്വീറ്റിൽ മസ്‌ക് കുറിച്ചു. മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന് ട്വിറ്റർ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്.

മസ്ക് ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വലിയ വിമർശനമാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നത്. മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുളള തീരുമാനവും വിമർശനം ഏറ്റുവാങ്ങിയിരുന്നു. പ്ലാറ്റ്‌ഫോമിലെ പ്രധാന നയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് ചില വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *