നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.നിദ ഫാത്തിമ പഠിക്കുന്ന സ്‌കൂളായ ആലപ്പുഴ എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എല്‍.എ. എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.ശനിയാഴ്ച രാവിലെ 9.45ഓടെ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സംസ്‌കാര ചടങ്ങുകള്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടി ഇടപെട്ട് നേരത്തെ എത്തിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെ ഏഴിന് മുമ്പേ തന്നെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു.നിദ ഫാത്തിമ വ്യാഴാഴ്ച രാവിലെയാണ് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഓട്ടോറിക്ഷാത്തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളായ നിദ നീര്‍ക്കുന്നം എസ്.ഡി.വി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ്. ദേശീയ ഫെ‍ഡറേഷന്‍റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങളാണ് നാഗ്‍പൂരിലെത്തിയത്. കേരള സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു ഇവര്‍ നാഗ്പൂരിലെത്തിയത്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്‍റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *