തൃശൂർ: വാടാനപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് കാലിൽ ഗുരുതര പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി റെമി രാജിനാണ് പരിക്കേറ്റത്. മോശം റോഡാണ് അപകടകാരണമെന്ന് പരിക്കേറ്റ റെമി രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വാടാനപ്പള്ളി സുൽത്താൻ പേട്ടയിലെ റോഡിലെ കുഴിയിൽ വീണ് റെമിരാജിന് പരിക്കേറ്റത്. സുഹൃത്തിൻറെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എടമുട്ടം – ചേറ്റുവാ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനാൽ ജലഅതോറിറ്റി കുഴിയെടുത്തിട്ടുണ്ടായിരുന്നു. ഇതൊഴിവാക്കി ബൈക്ക് റോഡിൻറെ നടുവിലൂടെയായിരുന്നു സഞ്ചരിച്ചത്. റോഡിൻ്റെ ഒത്തനടുവിലുണ്ടായിരുന്ന രണ്ട് കുഴികളാണ് റെമിരാജിന് അപകടക്കെണിയൊരുക്കിയത്. നഗരത്തിൽ തിരക്കായതിനാൽ താറുമാറായ റോഡിലൂടെ വണ്ടിയോടിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് റെമിരാജ് പറഞ്ഞു

തകർന്ന് റോഡ് നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാലിന് ഗുരുതരമായി പരിക്കേറ്റ റെമി രാജ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *