കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.ഭയമുള്ളതുകൊണ്ടാണ് ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിന് പ്രധാനകാരണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *