കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം ആറ് മാസം തികയുന്നു. ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു.2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാർഷികം കൂടിയായ ഇന്ന്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിക്കും.
കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിനായിരുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ആരംഭിച്ചത്. പിന്നാലെ ഹരിയാനയില്‍ നിന്നും, ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തി. സിംഗു, തിക്രി, ഖാസിപൂർ അതിര്‍ത്തികളിലാണ് സമരം നടക്കുന്നത്.
സിങ്കു അതിർത്തിയിൽ കർഷകർ കേന്ദ്ര സർക്കാരിന്റെ കോലങ്ങള്‍ കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അധികൃതർ പറഞ്ഞു. രാജ്യത്തുടനീളമുള്ള കർഷകരെ ഏകോപിപ്പിച്ച് പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
വിദഗ്ധ സമിതി നിർദ്ദേശിച്ച മാറ്റങ്ങൾക്ക് വിധേയമായി രണ്ടര വർഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കാതെ വക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് കര്‍ഷകര്‍ ഈ നിര്‍ദേശം നിരസിച്ചു.
റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കാലാശിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖാസിപൂർ സ്ഥലം വിട്ടുനൽകാൻ ഉത്തർപ്രദേശ് സർക്കാർ കർഷകർക്ക് അന്ത്യശാസനം നൽകിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ കൺവീനർ രാകേഷ് ടിക്കായിത് നടത്തിയ വൈകാരിക അഭ്യർത്ഥന സമരത്തെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് യുപിയിലും അതിർത്തി സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള റാലികളും പ്രകടനങ്ങളും ആരംഭിച്ചു.