മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് വിധേയനാക്കിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ഏഴ് വർഷം കഠിന തടവ്. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസി(32) നെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഏഴുവർഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 നവംബർ 27ന് വൈകീട്ട് 6.15നാണ് സംഭവം നടന്നത്.

മലപ്പുറത്തെ പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു. ഓട്ടോ വീട്ടിനടുത്തെത്തിയപ്പോൾ പ്രതി കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹനം നിർത്താതെ ഓടിച്ചുപോയി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. തടഞ്ഞുവെച്ചതിന് 500 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിനതടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു മാസത്തെ അധിക തടവ്, തട്ടിക്കൊണ്ടു പോയതിന് മൂന്നുവർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരുമാസത്തെ അധികതടവ്, പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ഏഴുവർഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ഇതിനിടെ ഇടുക്കി ഉപ്പുതറയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് നാലാം മൈൽ കാത്തിരപ്പാറ കോളനിയിൽ മുല്ലൂത്ത് കുഴിയിൽ എം കെ സിബിച്ചനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് സംഭവം. യുവാവ് സ്നേഹം നടിച്ച് വീട്ടിലെത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *