പാലക്കാട്: മാസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ച പിടി സെവനെ ദൗത്യസംഘം മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയാണ് 75 അംഗ ദൗത്യ സംഘത്തിന് നേതൃത്വം നൽകിയത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയിൽ വെച്ചായിരുന്നു ദൗത്യസംഘം ആനയെ കണ്ടെത്തിയത്. തുടർന്ന് ആനയെ മയക്കുവെടിവെച്ചു.ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയകരമാണെന്ന് വനംവകുപ്പ് അറിയിച്ചു. പിടി സെവനെ ഉടൻ തന്നെ ധോണിയിലെ കൂട്ടിലെത്തിക്കും. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുങ്കിയാനകൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണ് പിടി സെവനെ ലോറിയിലേക്ക് കയറ്റുക. ആന മയങ്ങാൻ എടുക്കുന്ന 30 മിനിറ്റ് നിർണായകമാണെന്ന് വനംവകുപ്പ്. ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ കൊമ്പൻ ഉൾക്കാട് കയറിയതോടെ മയക്കുവെടി വെക്കാനായില്ലെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ഇന്നലെ ശ്രമം നടത്തി പരാജയപ്പെട്ടതായും സംഘം പറഞ്ഞു. 12 മണിയോടെ ദൗത്യം ഉപേക്ഷിച്ചെങ്കിലും 3 മണി വരെ സംഘം പ്രദേശത്ത് തന്നെ നിരീക്ഷണം തുടർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *