തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ആരംഭിച്ചെങ്കിലും വീടുകളിൽനിന്നും ആളുകളെ അപ്പോൾത്തന്നെ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് നൽകിയിട്ടുള്ളവർക്ക് വീടൊഴിയാൻ സമയം നൽകിയിട്ടുണ്ട്. നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കാനുള്ള നടപടികളാണ് നടക്കുന്നത്.
ജപ്തിക്ക് മുന്നോടിയായി നിയമത്തിലെ 1968ലെ കേരള റവന്യൂ റിക്കവറി നിയമത്തിലെ 7, 34 വകുപ്പുകൾപ്രകാരം വ്യക്തിക്ക് മുൻകൂർ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നോട്ടീസ് നൽകാതെ കണ്ടുകെട്ടാനാണ് കളക്ടർമാർക്ക് ലാൻഡ് റവന്യൂ കമ്മിഷണർ ഉത്തരവ് നൽകിയത്. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തിചെയ്യാൻ പാടുള്ളൂ. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കിൽ ജംഗമവസ്തുക്കൾ ലേലംചെയ്യാം. ഭൂമി ജപ്തിചെയ്തശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകൾ തീർക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിർത്തുന്നതിനും ഒരു അവസരംകൂടി നൽകും.
ഹർത്താൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലുമടക്കം 208 കേന്ദ്രങ്ങളിൽ റവന്യൂ വകുപ്പ് കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കി. മലപ്പുറത്ത് 89 കേന്ദ്രങ്ങളിലാണ് നടപടികളുണ്ടായത്. കോഴിക്കോട് -23, കണ്ണൂർ -ഒൻപത്, കാസർകോട് -മൂന്ന്, വയനാട് -14, തൃശ്ശൂർ -16, കോട്ടയം -അഞ്ച്, ഇടുക്കി-6, പത്തനംതിട്ട-2, തിരുവനന്തപുരം-5, കൊല്ലം-1.
