വയനാട്: വയനാട് മാനന്തവാടിയിൽ നിന്നും ജം​ഗിൾ സവാരി ആരംഭിച്ചു. ആദ്യ ​ദിവസം തന്നെ മുഴുവൻ സീറ്റിലുമായി 49 പേരാണ് ജം​ഗിൾ സവാരി ആസ്വദിക്കാനായി എത്തിയത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബജറ്റ് ടൂറിസം സെൽ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സവാരിയാണ് മാനന്തവാടിയിൽ നിന്നും ആരംഭിച്ചത്. വന്യജീവികളെ പേടിക്കാതെ കാടിനുള്ളിൽ സുരക്ഷിതമായൊരു യാത്രയാണ് കെഎസ്ആർടിസി ബസിൽ ഒരുക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്നുമാണ് ആദ്യത്തെ ജം​ഗിൾ സവാരി ആരംഭിച്ചത്. ഇതുവരെയുളള കണക്കിൽ 10 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിൽനിന്ന് ജം​ഗിൾ സവാരി രാത്രിയാണ് എന്നാൽ മാനന്തവാടിയിൽനിന്ന് പുലർച്ചെയാണ് സവാരി ആരംഭിക്കുന്നത്. രാവിലെ 5.30 ന് താഴെയങ്ങാടിയിലുള്ള മാനന്തവാടി ഡിപ്പോയിൽനിന്ന് യാത്ര തുടങ്ങുന്ന ബസ് ബാവലി, തോൽപെട്ടി, തിരുനെല്ലി എന്നിവിടങ്ങളിൽ സഞ്ചരിച്ച ശേഷം 9.30നാണ് മാനന്തവാടിയിൽ തിരിച്ചെത്തുന്നത്. ടിക്കറ്റ് നിരക്ക് മുന്നൂറ് രൂപയാണ്.

ജം​ഗിൾ സവാരിയുടെ ആദ്യത്തെ യാത്രയിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും മാനന്തവാടിയിൽനിന്നുള്ളവരും ഉണ്ടായിരുന്നു. ജില്ലാ കോഓർഡിനേറ്റർ സി ഡി വർഗീസ്, നോർത്ത് സോണൽ കോഓർഡിനേറ്റർ ഇ എസ് ബിനു, ഡി ടി ഒ ജോഷി ജോൺ എന്നിവരാണ് ജില്ലയിൽ പദ്ധതി ഏകോപിപ്പിക്കുന്നത്. ആദ്യ യാത്രയിൽ ഡ്രൈവർ സീറ്റിലെത്തിയത് കെ ജെ റോയ് ആണ്. കണ്ടക്ടറായി എത്തിയത് എം സി അനിൽകുമാറായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാനന്തവാടി ഡിപ്പോയുടെ ആദ്യസവാരി ഫ്‌ലാഗ് ഓഫ് ചെയ്തു. മാനന്തവാടിയിലെ സവാരിക്കുള്ള ബുക്കിങ്ങിനായി 7560855189, 9446784184, 9496343835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *