ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ദളിത് യുവാവിനെ നാലു പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനമേറ്റ് ഗുരുരുതര പരിക്കുകളുമായി ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരണപ്പെട്ടത്. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തിൽ പലചരക്കു കട നടത്തുന്ന ഇന്ദർ കുമാറിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈദ്യുതി ബില്ല് അടയ്ക്കാനായി ഏൽപ്പിച്ച പണത്തിൽ നിന്നും 3000 രൂപ എടുത്തതിനാണ് യുവാവിനെ മർദ്ദിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പലചരക്കുകട നടത്തുന്ന ഇന്ദർ കുമാറിനെ ഈ ഗ്രാമത്തിൽത്തന്നെയുള്ള സാഗർ യാദവ് എന്നയാൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി ബിൽ അടയ്ക്കുന്നതിന് 19,000 രൂപ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇന്ദർ കുമാർ ഈ പണത്തിൽ നിന്നും 3000 രൂപ തൻറെ ആവശ്യത്തിനായി എടുത്തു. വൈദ്യുത ബില്ല് അടയ്ക്കേണ്ട സമയത്തേക്ക് ഈ പണം കണ്ടെത്താൻ ഇന്ദർ കുമാറിന് സാധിച്ചില്ല. ബിൽ അടയ്ക്കാഞ്ഞതോടെ പണം കൊടുത്തയാൾ ചോദ്യം ചെയ്തു.

സാഗർ യാദവ് ഇന്ദർ കുമാറിന്റെ വീട്ടിലെത്തുകയും 16,000 രൂപ തിരികെ വാങ്ങി ബാക്കി പണം അടുത്ത ദിവസം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ദർ കുമാറിന് പണം നൽകാനായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് അക്രമത്തിലേക്ക് എത്തുകയുമായിരുന്നു. സാഗർ യാദവ് സുഹൃത്തുക്കളുമായി ഇന്ദൻ കുമാറിൻറെ വീട്ടിലെത്തിയാണ് മർദ്ദിച്ചതെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വടികളുപയോഗിച്ചായിരുന്നു മർദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനെ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിട്ടു.

ഗുരുതരമായി പരിക്കേറ്റ നിലയിൽ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിൽ നാലുപേർക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തതോടെ നാല് പ്രതികളും ഒളിവിൽ പോയിരിക്കുകയാണ്. പ്രതികളുടെ ഒളിത്താവലം സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *