രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ അതൃപ്തിയോടെ പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കൊവിഡ് മരണനിരക്കിലെ പരാതികൾ സർക്കാർ പരിശോധിക്കണം. ബജറ്റിലെ കാര്യങ്ങൾ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങൾ ബജറ്റിലുമായി വരുന്നതാണ് കണ്ടത്. സർക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് സംശയെമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഒന്ന്, മഹാമാരിയുടെ പശ്ചാലത്തിൽ ഒരു പുതിയ ആരോഗ്യ നയം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആവശ്യമായ മുൻകരുതലും നടപടികളും എടുക്കാൻ രണ്ടാം തരംഗത്തിന് മുന്നോടിയായി കഴിഞ്ഞില്ല. ഇനി മൂന്നാം തരംഗം വരുമ്പോളേക്കും സംസ്ഥാനത്ത് ഒരു പ്രത്യേക ആരോഗ്യ നയം വേണമായിരുന്നു. അതില്ലാതെ പോയത് ദൗർഭാഗ്യമാണ്.

രണ്ട്, കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചാണ്. കൊവിഡ് രണ്ടാം തരംഗത്തിലും കഴിഞ്ഞ വർഷത്തേതിന് സമാനമായ രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം സുഖകരമാകില്ല. വിദ്യാഭ്യാസ വിഷയത്തിൽ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ഒരു ബദൽ സംവിധാനം സർക്കാരിൽ നിന്ന് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിരുന്നു. അതുണ്ടായില്ല.

മൂന്ന്, വരും ദിവസങ്ങളിൽ കാലവർഷമെത്തുകയാണ്. കൊവിഡും മഴയും സൃഷ്ടിക്കുന്ന വിപത്തുകളെ നേരിടാൻ സർക്കാർ ഒരു പുതിയ ദുരന്ത നിവാരണ നയം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല.
ക്ഷേമ പെൻഷനുകൾ കൃത്യമായി കൊടുക്കുന്നുണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് വൈകിയുള്ള പെൻഷൻ തുക 15,000 കോടി കൊടുത്ത് അത് നികത്തുകയും ചെയ്യുകയാണ് ഇത് രണ്ടും എങ്ങനെ ചേർന്ന് പോകുന്നു എന്ന് മനസിലാകുന്നില്ല. ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ വൈരുദ്ധ്യം ഉണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

ദീർഘ വീക്ഷണത്തോടെയുള്ള നയങ്ങൾ ഇല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *