കോഴിക്കോട് :വിശ്രുത ദാർശനികനും ചരിത്രകാരനും ചിന്തകനുമായ ഇബ്നു ഖൽദൂന്റെ സാമൂഹ്യ നവോത്ഥാന ചിന്തകളെ പുതു തലമുറ ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ബഹുസ്വര സമൂഹത്തിൽ ജീവിക്കാനുള്ള പ്രായോഗിക വിദ്യാഭ്യാസം കരഗതമാക്കുകയും ചെയ്യണമെന്ന് ആർ യു എ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിനാപ്സ് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിക്കുന്ന നാടിന്റെ സാമൂഹ്യ സമാധാനം പ്രധാനമാണ്. വ്യതസ്ത ചിന്തകളും നൻമകളും കഴിവുകളും പരസ്പരം അഗീകരിക്കാനുള്ള മാനസിക വിശാലത നാം കൈവരിക്കണം. ഭരണഘടനയുടെ അന്തസ്സ് നിലനിർത്താൻ നാം ബാധ്യതപ്പെട്ടവരാണ്. നമ്മുടെ വേരുകളെ തള്ളിപ്പറയുന്ന പ്രവണതകൾ നാം അവസാനിപ്പിക്കണം. പ്രവാചകൻ പകർന്ന മാനവിക പാഠങ്ങളെ നാം നെഞ്ചോട് ചേർക്കണം. ജാതി മത വർഗ്ഗ വർണ വൈവിധ്യങ്ങൾക്കതീതമായി പരസ്പര ബന്ധങ്ങൾ നിലനിർത്തി ആശയവിനിമ സാധ്യതകൾ നിലനിർത്തണം. അറിവ് നേടി പാണ്ഡിത്യമുള്ളവരാവണം.മതത്തിന്റെയും ശാസ്ത്രത്തിന്റെയും പേരിൽ പ്രചരിക്കുന്ന അബദ്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നാം നേടിയെടുക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പാൾ പ്രൊഫ. ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി കെ ജംശീർ ഫാറൂഖി, അറബിക് വിഭാഗം മേധാവി ഡോ ഐയ്മൻ ശൗഖി, കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഫഹദ് പി , ലൈബ്രറിയൻ ശരീഫ് കെ , ഗസ്റ്റ് ഫാക്വൽറ്റി സുൻദസ്, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ത്വാഹ തമീം എന്നിവർ ആശംസകളർപ്പിച്ചു. ഡോ. അലി അക്ബർ ഇരിവേറ്റി, ഡോ. ജൗഹർ മുനവ്വർ , സജ്ജാദ് ഫാറൂഖി, ഡോ.സുലൈമാൻ ഫാറൂഖി, മിസ്ബാഹ് ഫാറൂഖി, ഇർഷാദ് മാത്തോട്ടം, ശാഹിദ് മുസ്ലിം ഫാറൂഖി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സിനാപ്സ് കോഡിനേറ്റർ ഡോ. കെ അബൂബക്കർ ഫാറൂഖി സ്വാഗതവും ഭൂമിത്രസേന കോഡിനേറ്റർ ഡോ. ഉസാമ നന്ദിയും പ്രകാശിപ്പിച്ചു.
