ഒരു കോടി രൂപ കൊടുത്താൽ എത്ര മോശം സിനിമയെ പറ്റി നല്ലത് പറയാനും പൈസ കൊടുത്തില്ലെങ്കിൽ എത്ര നല്ല സിനിമയെ മോശമാകാനും കേരളത്തിൽ ആൾകാരുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതിനായി മലയാളത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആൾക്കാരെ തിയേറ്ററിൽ കയറ്റി സിനിമയെ പറ്റി അനുകൂല അഭിപ്രായം പറയിപ്പിക്കുകയാണെന്നും അതിന് വേണ്ടി ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രവർത്തി സർക്കാറിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാമെന്നും ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അടുത്ത നിയമസഭ സമ്മേളനത്തിൽ ഈ വിഷയം താൻ ഉന്നയിക്കുമെന്ന് ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ട് ഗണേഷ് കുമാർ പറഞ്ഞു.
തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായും കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്നേഹത്തോടെ നല്കിയ അംഗീകാരമായി താനിതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.