കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് മേഖലയിലെ തീ അണക്കാനുള്ള ശ്രമം തുടരുന്നു.അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.അതേസമയം, ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം നടക്കുകയാണ്.
വലിയ മാലിന്യകൂമ്പാരത്തില്‍ നിന്നും തീ ഉയരുന്ന ഭാഗങ്ങളിലാണ് ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. കൊച്ചി കോര്‍പറേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നാവികസേന ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. ഹെലികോപ്ടറുകളില്‍ വലിയ സംഭരണികളിലായാണ് വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളായി അഗ്നിബാധ തുടരുകയാണ്. നാവികസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ബ്രഹ്മപുരത്തെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. ആര്.ടി.ഒ. മുഖേനയാണ് ടാങ്കേഴ്സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്.
