ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീപിടുത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാണവ് പറഞ്ഞു.

കൂടാതെ, തീപിടുത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണെന്നും പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ലെന്നും ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇതേ സമയം, ബ്രഹ്മപുരം തീപിടുത്തത്തിൽ കോർപറേഷനെതിരെ വിമർശനവുമായി ഫയർ ഫോഴ്‌സും രംഗത്തെത്തി. തീ അണക്കാൻ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്നും ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കേടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു.

തീ പിടുത്തത്തെ തുടർന്ന് കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഇന്നും പുക മൂടിയിരിക്കുകയാണ്. ദേശീയ പാതയിലും പുക രൂക്ഷമാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.

Leave a Reply

Your email address will not be published. Required fields are marked *