ജോലിക്ക് ഭൂമി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നുപാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലുമാണ് ഇ ഡി പാരിശോധന നടത്തുന്നത്.
ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവാഴ്ച ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സി ബി ഐ ചോദ്യം ചെയ്യുകയും വീടുൾപ്പെടെ 16 ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. അന്ന് ഇതിനെതിരെ തേജ്വസി യാദവ് രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ നിൽക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് പരസ്യമായ കാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.
ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസിൽ മക്കളായ മിസ, ഹേമ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്. 15 ന് കേസ് ഡൽഹി കോടതി പരിഗണിക്കും.
