നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.

ആരേയും പേരെടുത്ത് കുറ്റപ്പെടുത്താതെയാണ് ചവാന്‍ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. . ഇതിന് പുറമേ കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

എന്നാല്‍ ആരാകണം പുതിയ അധ്യക്ഷന്‍ എന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാല്‍, ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്.

ഓണ്‍ലൈന് മുഖാന്തരമാണ് അശോക് ചവാന്‍ സമിതി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *