ജിദ്ദ: റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഉംറ തീര്‍ഥാടനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. തവക്കല്‍നാ, നുസുക്ക് ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാന്‍ തീര്‍ഥാടകര്‍ തയ്യാറാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം.

റമദാനില്‍ മക്കയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വന്‍ പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോള്‍, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ലഭ്യമായിരുന്നില്ല. എന്നാല്‍, ആദ്യ പത്ത് ദിവസങ്ങള്‍ പിന്നിടാനിരിക്കെ, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നേരത്തെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഇഅ്തികാഫിന്‍റെ പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി മന്ത്രാലയം അറിയിച്ചിരുന്നു.

റമദാന്‍ തുടങ്ങിയതോടെ ഉംറ തീര്‍ത്ഥാകടരുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്കാണ് മക്കയിലും മദീനയിലും അനുഭവപ്പെടുന്നത്. വിശുദ്ധ റമദാനില്‍ ഉംറ ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വദേശികളും വിദേശികളും മക്കയിലേക്ക് ഒഴുകുകയാണ്. മക്കയ്ക്ക് പുറത്ത് നിന്ന് വരുന്ന തീര്‍ഥാടകരുടെ ഉംറ പെര്‍മിറ്റുകള്‍ ചെക്ക് പോസ്റ്റുകളില്‍ വെച്ച് തന്നെ പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പെര്‍മിറ്റില്ലാതെ വരുന്നവരെ ഇവിടെ നിന്ന് തിരികെ അയക്കുകയാണ് ചെയ്യുന്നത്. പെര്‍മിറ്റില്ലാതെ ഹറമില്‍ പ്രവേശിച്ച് ഉംറ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *