ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. നാവെട്ടിക്കോണം സ്വദേശി പ്രണവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത കാട്ടാക്കട പോലീസിനെതിരെ പ്രണവിന്റെ’അമ്മ മുഖ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവിനെ ഉൾപ്പെടെ മൂന്ന് പേരെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പോലീസിനെതിരെ കല്ലെറിഞ്ഞെന്നാരോപിച്ച് കാട്ടാൽ ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്ന് പോലീസ് അറസ്റ്റ് ചെയുന്നത്. സംഘർഷത്തിൽ ആര്യനാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ പ്രണവിനെ പോലീസുകാർ ജീപ്പിൽ കയറ്റി കൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഘർഷം നടക്കുമ്പോൾ പ്രണവ് അതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു

29 കാരനായ പ്രണവിന് ജന്മനാ മാനസിക വൈകല്യമുണ്ടെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ രാധ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കല്ലെറിഞ്ഞയാളെ കൊണ്ടുവന്നാൽ മകനെ വിടാമെന്ന് പോലീസ് പറഞ്ഞെന്നുമാണ് പരാതി.

സംഘർഷത്തിൽ പങ്കെടുത്ത കണ്ടാലറിയുന്ന 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ഒന്നാം പ്രതിയാണ് പ്രണവ്. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാൻഡ് ചെയ്തു. ചെയ്യാത്ത കുറ്റം ചുമത്തി ജയിലടച്ച മകന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് അമ്മ ലത.

Leave a Reply

Your email address will not be published. Required fields are marked *