രാമാ നവമി ആഘോഷങ്ങൾക്ക് പിന്നാലെ ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും ആക്രമണങ്ങളും കല്ലേറും. ആക്രമണങ്ങൾ തുടർച്ചയായതോടെ സ്ഥലത്തെ ഇന്റർനെറ്റ് സംവിധാനം നിരോധിക്കുകയും നിരോധാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന രാമാ നവമി ആഘോഷത്തിൽ പതാകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യാസിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

സമാനന്തരീക്ഷം തകർക്കാൻ സോഷ്യല്‍മീഡിയിലൂടെ സാമൂഹിക വിരുദ്ധർ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളെ തള്ളണം. അത്തരം സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത്, പ്രചരിപ്പിക്കരുത്. അങ്ങനത്തെ പോസ്റ്റുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്നും പോലീസ് ആവശ്യപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *