പാഴ് ചിലവ് തടയുന്നതിന്റെ ഭാഗമായി ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത്. നിരോധനം സംബന്ധിച്ച് പ്രമേയം പാസാക്കി.
ഞായറാഴ്ച ചേർന്ന ഗ്രാമസഭാ യോഗത്തിൽ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ പറഞ്ഞു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്കാരം’ കലർത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ യുവാക്കൾക്കും ഉത്കണ്ഠയുള്ളതിനാൽ ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പ്രതികരിച്ചു.
