പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പിടിച്ചെടുത്ത ചൈനയോട് കീഴടങ്ങിയ മോദി ഭീരുവാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദി സൈന്യത്തിന്റെ കഠിനാധ്വാനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിംഗര്‍ നാലുവരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗര്‍ നാലില്‍നിന്നും മൂന്നിലേക്ക് സൈന്യത്തെ മാറ്റുകയാണ് കേന്ദ്രം. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ മോദി തയ്യാറാവുന്നത്?’, രാഹുല്‍ ചോദിച്ചു. ചൈനയുടെ മുന്നില്‍ മോദി ശിരസ്സുകുനിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്നുമാണ് പ്രതിരോധ മന്ത്രി അറിയിച്ചത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിന് ഫിംഗര്‍ മൂന്നിലേക്ക് മാറുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.