അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ അദ്ദേഹം പങ്കിടുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഫോണിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ ഒരാളുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.

അതൊരു വോയ്‌സ്‌ക്ലിപ്പായിരുന്നു. ഈ മെസ്സേജ് കേള്‍ക്കുകയാണെങ്കില്‍ എന്നെ തിരിച്ച് വിളിക്കണം. എന്നെ വിളിച്ചില്ലെങ്കില്‍ സാറിനെ കാണാതെ പോവുന്ന രണ്ടാമത്തെ ആളായിരിക്കും ഞാന്‍. അത്രയും സങ്കടത്തിലാണ്, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നായിരുന്നു സന്ദേശം. നിര്‍ത്താതെ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയതും ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനം തെറ്റാണെന്ന് പറഞ്ഞ് കൊടുക്കുകയുമായിരുന്നു പത്മകുമാര്‍.

എനിക്ക് മെസ്സേജ് അയച്ച ആള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി ഫേസ്ബുക്ക് കൂട്ടായ്മ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോ ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍ബോക്‌സില്‍ ചെന്ന് ആളുകളോട് ചോദിക്കാമെന്നായിരുന്നു കരുതിയത്. അതിന് മുന്‍പായി ഒന്നൂടെ വിളിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടി. ഫോണ്‍ എടുത്തതും ഭയങ്കര കരച്ചിലായിരുന്നു കേട്ടത്.

നിങ്ങള്‍ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. നിങ്ങളെന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതെന്നായിരുന്നു എന്റെ ചോദ്യം. ഭാര്യയുടെയും വീട്ടുകാരുടെയും കുറ്റങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ മോളെ ആരെയെങ്കിലും ഏല്‍പ്പിക്കണം, ഒറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. നിങ്ങളോട് സംസാരിക്കാന്‍ പറ്റിയിരുന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്. എന്നും നമ്മള്‍ ഒരുകാര്യം ആവര്‍ത്തിച്ച് ചെയ്യുമെന്ന് പറഞ്ഞാല്‍ ഒരുദിവസം സമ്മര്‍ദ്ദം മൂലം അല്ലെങ്കില്‍ കാലം നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കും. എപ്പോഴും ആത്മഹത്യ ഭീഷണി നടത്തുന്നവര്‍ അവസാനിക്കുന്നതും അങ്ങനെ ഏതിലെങ്കിലുമായിരിക്കും. നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍ കുറച്ച് ദിവസത്തക്കേ സങ്കടങ്ങളൊക്കെയുണ്ടാവൂ. അതിന് ശേഷം എല്ലാവരും എല്ലാം മറക്കും. ശരിക്കുള്ള നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്. ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് പോയിട്ടുണ്ട് ഞാന്‍. അതിനാലാണ് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *