അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി അശ്വിൻ പിടിയിലായതായി പോലീസ്. മണ്ണാർക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അശ്വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ വൈകുന്നേരം ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് എത്തിയ അശ്വിനും സഹായിയുമാണ് ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറിയത്. സംഭവത്തിന്‌ പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ ഉടൻ പിടികൂടുക, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.

ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാർക്കുമാണ് മർദ്ദനമേറ്റത്. സംഭവ സമയത്ത് ആക്രമി സംഘം മദ്യ ലഹരിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയെത്തിയ അശ്വിൻ മുറിവ് വൃത്തിയാക്കുന്നതിനിടെ നഴ്സിനോട് അപമാര്യാദയായി പെരുമാറി . ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെയാണ് മർദ്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *