ജന്തർ മന്ദറിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ വികാരവിക്ഷുബ്ധയായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഇതിന് സാക്ഷിയാകാൻ വേണ്ടിയാണോ ഞങ്ങൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയതെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ ചോദിച്ചു.

ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ ഞങ്ങള്‍ ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. എവിടെയായിരുന്നു വനിതാ പോലീസുകാര്‍. വിനേഷ് ഫൊഗട്ട് ചോദിച്ചു . സംസാരത്തിനിടെ അവർ പൊട്ടിക്കരയുകയും ചെയ്തു.

പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പ്രതികരിച്ചു. തങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ആവശ്യമുണ്ട്. പോലീസ് ഞങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.

മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്കുനേരെ അതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഞങ്ങളെ ആ പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു തള്ളുകയും ഉന്തുകയും ചെയ്തു. എന്നാല്‍ മറ്റു പോലീസുകാര്‍ നിശബ്ദരായി ഇത് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു.

അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോളിസിഡ ഭാഷ്യം.
കിടക്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സോമനാഥ് ഭാരതിക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി. പ്രണവ് തയാല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *