കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊച്ചിയിൽ ഇരുപത്തേഴുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കേസ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരേയും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐയുടേയും പ്രത്യേകസംഘത്തിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്.

നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതി മാർട്ടിൻ ജോസഫിനെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുത്ത സൗഹ‌ൃദമായി. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെ യുവതി മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തോളം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഇവർ കഴിഞ്ഞിരുന്നത്. മാർട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇതിനിടെ ഇയാൾ പകർത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താൽ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.

കണ്ണിൽ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മർദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏപ്രിൽ എട്ടിന് മാർട്ടിൻ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ യുവതി ഫ്ളാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാ‌ർട്ടിനെ ഭയന്ന് യുവതി ഒളിവിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *