കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . പ്രൊസീജിയര്‍ റൂമില്‍ പ്രതിയെ കയറ്റിയ സമയത്ത് പോലീസ് എവിടെ ആയിരുന്നുവെന്ന് കോടതി ചോദിച്ചു. . അതേസമയം ഒരാഴ്ചയ്ക്കുളളില്‍ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോള്‍ തയാറാക്കുമെന്ന് പൊലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നല്‍കി

യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കരുതെന്നും വസ്തുത വസ്തുതയായി പറയണമെന്നാണ് പോലീസിനെ ഓർമിപ്പിക്കുന്നതെന്നും കോടതി ആഞ്ഞടിച്ചു. വന്ദനക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം പോലീസ് അന്വേഷണമെന്നും ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി.

നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിൽ എല്ലാം സംഭവിച്ചതെന്ന് പോലീസ് കോടതിയില്‍ വിശദീകരിച്ചു. പ്രൊസീജിയര്‍ റൂമില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വരെ പ്രതി യാതൊരു അസ്വാഭാവികതയുമില്ലാതെയാണ് പെരുമാറിയിരുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ കണ്മുന്നിലാണ് സംഭവങ്ങളെല്ലാം നടന്നതെന്ന് കോടതി ഓര്‍മിപ്പിച്ചു.

സന്ദീപ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശബ്ദരേഖയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കി. ആശുപത്രികളില്‍ പോലീസ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി മുന്‍പാകെ ഉറപ്പ് നല്‍കി. സുരക്ഷാ പ്രൊട്ടോക്കോള്‍ ഉണ്ടാക്കുന്നതിനായി മറ്റൊരു സംഭവം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *